അദ്ധ്യായം 12

ശില്‍പ്പയുടെ സ്വന്തം 'ഇനി'?

********************************************************************************

"പുല്ലു, പൂവുകള്‍, പുഷ്പകാലം, കണിക്കൊന്ന,
കൂവളം, തേന്മാവ്, മാമ്പഴം,
എല്ലമെത്ര മനോന്ജ്ഞമാം വാക്കുകള്‍
കല്ല്‌ പോലും അലിയുമനുഭവം!"

'വരണ്ട നെല്‍പ്പാട'ത്തിലെ ജയകൃഷ്ണനും, 'അപരിചിത'നിലെ വിനയനും, 'കവര്‍ഡ്രൈവി'ലെ ഗൌതവും, 'മാഷി'ലെ മനുവും - അനൂപിന്‍റെ കഥകളിലെ നായകന്മാരെല്ലാം ശക്തമായ കഥാപാത്രങ്ങളാണ്. നായികമാരുടെ കാര്യം പ്രത്യേകിച്ച് പറയുകയും വേണ്ട. ശില്‍പ്പ വിചാരിച്ചു. ഭാനുപ്രിയയും, ശുഭയും, ലേഖ ടീച്ചറും, എല്ലാം മിഴിവുറ്റ കഥാപാത്രങ്ങളാണ്.

"What's in a name? That which we call a rose, by another name would smell as" (Romeo and Juliet) അല്ലെങ്കില്‍ തന്നെ കഥാപാത്രങ്ങളുടെ പേരില്‍ എന്തിരിക്കുന്നു? 

പക്ഷെ അനൂപിന്‍റെ കഥകളിലെ ഏറ്റവും മികച്ച, ഒരു പക്ഷെ അദ്വിതീയരെന്നു വിശേഷിപ്പിക്കാവുന്ന നായികാ നായകന്മാരാണ് ശിവാനിയും, സിദ്ധാര്‍ത്ഥനും, 

'വൈശാഖ'ത്തിലെ 'ഇനി' എന്ന ചെറുകഥ വായിക്കാന്‍ തുടങ്ങിയപ്പോള്‍ ശില്‍പ്പ ഓര്‍ത്തു.

------------------------------------------------------------------------------------------------------------------------
ഇനി

(അനൂപ്‌ ദാസ്)

അകലെയെവിടെയോ അമ്പലത്തില്‍ ദീപാരാധനയ്ക്കുള്ള മണി മുഴങ്ങി. അനേകായിരങ്ങള്‍ക്കിടയില്‍ സിദ്ധാര്‍ത്ഥും അങ്ങോട്ടേക്ക് നോക്കി തൊഴുതു.

കുറച്ചു കാലം മുന്‍പ് വരെ ദീപാരാധന സിദ്ധാര്‍ത്ഥിന് ആനന്ദം പ്രദാനം ചെയ്യുന്നവയായിരുന്നു. സിദ്ധാര്‍ത്ഥിന് തന്നെയല്ല, ശിവാനിക്കും. അകത്തു ദീപാരാധന നടക്കുമ്പോള്‍ പുറത്തു ആല്‍മരചുവട്ടില്‍ അവര്‍ കണ്ടു മുട്ടുമായിരുന്നു. അക്കാര്യങ്ങളൊക്കെ ഓര്‍ത്തപ്പോള്‍ സിദ്ധാര്‍ഥ് അറിയാതെ ചിരിച്ചു പോയി.

“എന്താ സിദ്ധാര്‍ഥ്? വെളിയില്‍ തന്നെ നില്‍ക്കാതെ അകത്തേക്ക് കയറി വാ..” ആനന്ദാണ്. താന്‍ ആനന്ദിന്റെ റസ്റ്റോറന്റിലാണ് നില്‍ക്കുന്നതെന്ന് അപ്പോഴാണ്‌ സിദ്ധാര്‍ത്ഥിന് മനസ്സിലായത്‌.

“ഇന്നെന്താ സിദ്ധാര്‍ഥ് വീണ്ടും ശിവാനിയെ ഓര്‍ത്തോ?” ആനന്ദിന്റെ ചോദ്യം ചായ ചുണ്ടോടു അടുപ്പിച്ചപ്പോള്‍ ആയിരുന്നു.

“നിനക്കറിയില്ല ആനന്ദ്‌. ഒരിക്കല്‍ സ്നേഹിച്ചവരെ, അവരെ എത്ര ചീത്തയായി ചിത്രീകരിച്ചാലും, മറക്കാന്‍ പ്രയാസമാണ്. എന്‍റെ മനസ്സിന്റെ കോണില്‍ സ്നേഹം കൊണ്ട് ഞാന്‍ വരച്ചു തീര്‍ത്ത ആ രൂപമുണ്ടല്ലോ? – ശിവാനി..! അവളെ മായിക്കാന്‍ പറ്റിയ റബര്‍ ഒന്നും കമ്പോളത്തില്‍ ലഭ്യമല്ല.. ഹോ..! ഇതൊക്കെ നിന്നോട് പറഞ്ഞപ്പോള്‍ എന്തൊരു ആശ്വാസം..!” സിദ്ധാര്‍ഥ് ചായ കുടി തുടര്‍ന്നു.

“ഇതൊക്കെയാണെങ്കിലും എന്നാണ് നീ ശിവാനിയെ പരിചയപെട്ടതെന്നു എന്നോട് പറഞ്ഞിട്ടില്ല..” ആനന്ദ്‌ തെല്ല് പരിഭവത്തോടെയാണ് പറഞ്ഞത്‌.

“നിന്നോട് ഞാന്‍ അത് പറഞ്ഞിട്ടില്ലേ? സോറി! ഞാന്‍ ആദ്യമായി അവളെ കാണുന്നത് മാത്സ് എക്സാം ദിവസമാണ്.”

“ആരുടെയെങ്കിലും കൈയില്‍ രണ്ടു പേനയുണ്ടോ?” ഒരു നേര്‍ത്ത ശബ്ദം എക്സാം ഹാള്‍ മുഴുവന്‍ വ്യാപിച്ചു. ആണ്‍കുട്ടികള്‍ പോക്കറ്റില്‍ കൈയിട്ടു തങ്ങളുടെ നിസ്സഹായാവസ്ഥ വ്യക്തമാക്കി. എന്നാല്‍ പെടുന്നനെ ശിവനിക്ക് നേരെ ഒരു പേന ഉയര്‍ന്നു വന്നു.

“എന്താ ഈ ആളിന്‍റെ പേര്?” ശിവാനി പേനയില്‍ നോക്കി കൊണ്ടാണത് ചോദിച്ചത്.

“സിദ്ധാര്‍ത്ഥ്.” ആ നാലക്ഷരത്തില്‍ തുടങ്ങിയതാണ് അവര്‍ തമ്മിലുള്ള ബന്ധം.“പിന്നീട് ഞങ്ങള്‍ കോളേജില്‍ വരുന്നതും പോകുന്നതും ഒരുമിച്ചായി. തമ്മില്‍ കാണാതെ ഉറക്കം വരില്ല എന്ന നിലയില്‍ വരെയായി.”

“സാര്‍, ഞാന്‍ പോവുകയാണ്.” റസ്റ്റോറന്റിലെ ജോലിക്കാരനാണ്. അയാള്‍ക്ക് വീട്ടില്‍ പോകാന്‍ നേരമായിരിക്കുന്നു.

“സിദ്ധാര്‍ത്ഥ്, കടയടക്കാന്‍ നേരമായി. ബാക്കിയിനി നടന്നു സംസാരിക്കാം..”ആനന്ദ്‌ റസ്റ്റോറന്റ് അടച്ചു സിദ്ധാര്‍ത്ഥന്റെ കൂടെ വെളിയിലേക്ക് വന്നു.“ഇന്ന് നീ ശിവാനിയെ ഓര്‍ക്കാന്‍ എന്താ കാരണം?” ആനന്ദ്‌ സംഭാഷണം പുനരാരംഭിച്ചു.

“നിനക്കറിയാമല്ലോ, ദീപാരാധന സമയങ്ങളിലാണ് ഞങ്ങള്‍ കൂടുതല്‍ അടുത്തത്‌. ദീപരാധനക്കുള്ള മണി മുഴങ്ങുമ്പോള്‍ ഞാന്‍ ശിവാനിയെ ഓര്‍ക്കും. പിന്നെ, ഇന്ന് എനിക്കൊരു കത്തും കിട്ടി. ഇതാ വായിച്ചു നോക്ക്.”


“സിദ്ധേട്ടാ,എഴുതണമെന്ന് വിചാരിച്ചതല്ല, പക്ഷെ കഴിഞ്ഞില്ല. എന്നിലെ വാക്കുകള്‍ നിയന്ത്രണം വിട്ടു പോകുന്നു. എന്തൊക്കെയോ എഴുതണമെന്ന് മനസ്സ് പറയുന്നു. എന്നോടും എന്‍റെ ഭര്‍ത്താവിനോടും പിണക്കമൊന്നുമില്ലെന്നു കരുതുന്നു. ആശംസകളോടെ, സിദ്ധന്റെ ശിവാനി.”
“നീ ഇടയ്ക്കു അവളെ വെറുക്കാന്‍ ശ്രമിച്ചതല്ലേ?” ആനന്ദ്‌ സിദ്ധാര്‍ഥിനെ പഴയ കാര്യങ്ങള്‍ ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു.

“അതെ, എന്‍റെ ക്ലാസ്സില്‍ അന്നുണ്ടായിരുന്ന മനോജ്‌ അവള്‍ അങ്ങനെയാണ്, ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞിരുന്നു. പക്ഷെ, ഒരിക്കല്‍ ആത്മാര്‍ഥമായി ഇഷ്ടപ്പെട്ടവളെ എങ്ങനെ മറക്കും? നീ അക്കാലത്ത് ബോംബയില്‍ ആയിരുന്നല്ലേ? ഞാന്‍ എന്‍റെ എല്ലാ കാര്യങ്ങളും കത്തുകളിലൂടെ നിന്നെ അറിയിച്ചിരുന്നു. ശരിയല്ലേ?” സിദ്ധാര്‍ത്ഥ് എന്തോ നോക്കി കൊണ്ടാണത് ചോദിച്ചത്.

“ങാ, എനിക്ക് തിരിയാനുള്ള വഴിയായി. നാളെ കാണാം. ഇനി എങ്ങോട്ടാ? വീട്ടിലേക്കല്ലേ?” ആനന്ദ്‌ കൈവീശിക്കൊണ്ട് ചോദിച്ചു.

“ആ വീട്ടില്‍ എത്തിയെങ്കിലായി. ഞാന്‍ കാലചക്രം തിരിച്ചു കറക്കാന്‍ ആഗ്രഹിക്കുന്നു.” സിദ്ധാര്‍ത്ഥ് നടന്നു നീങ്ങി.

നടക്കുന്ന വഴിയില്‍ സിദ്ധാര്‍ത്ഥ് അടുത്ത് കണ്ട അമ്പലത്തിലേക്ക് നോക്കി. “ദീപാരാധന കഴിഞ്ഞോ എന്തോ?” സ്വല്‍പം ഉറക്കെയായി പോയി ആ ചോദ്യം.സിദ്ധാര്‍ത്ഥ് ആല്‍മരചുവട്ടിലേക്ക് നോക്കി....

തങ്ങളെപ്പോലെയാരെങ്കിലും......
--------------------------------------------------------------------------------------------------------

ശില്‍പ്പ വായനയില്‍ മുഴുകിയിരിക്കുമ്പോഴാണ്  ഫോണ്‍ ശബ്ദിക്കുന്നത്‌ കേട്ടത്. പെട്ടന്ന് ഓടി ചെന്നപ്പോഴും മണിയടി നിലച്ചിരിന്നു. അവള്‍ക്കപ്പോള്‍ ഓര്‍മ്മ വന്നത് ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ 'മണിനാദ'ത്തിലെ വരികള്‍ ആയിരുന്നു.
"മണിമുഴക്കം! മരണദിനത്തിന്റെമണിമുഴക്കം മധുരം!- വരുന്നു ഞാന്‍!ചിരികള്‍തോറുമെന്‍പട്ടടത്തീപ്പൊരിചിതറിടുന്നോരരങ്ങത്തു നിന്നിനി,
വിടതരൂ, മതി പോകട്ടെ ഞാനുമെന്‍-നടനവിദ്യയും മൂകസംഗീതവും!
വിവിധ രീതിയിലൊറ്റ നിമിഷത്തില്‍വിഷമമാണെനിക്കാടുവാന്‍, പാടുവാന്‍;
നവരസങ്ങള്‍ സ്ഫുരിക്കണമൊക്കെയു-മവരവര്‍ക്കിഷ്ടമായിട്ടിരിക്കണം!
അരുതരുതെനിക്കീ രീതി തെല്ലുമി-ച്ചരിതമെന്നുമപൂര്‍ണമാണെങ്കിലും
അണിയലൊക്കെക്കഴിഞ്ഞു ഞാന്‍ പിന്നെയു-മണിയറയിലിരുന്നു നിഗൂഢമായ്.."
ഫോണ്‍ പിന്നെയും ശബ്ദിച്ചു. ഇത്തവണ ഫോണ്‍ എടുത്ത ശില്‍പ്പ ശ്രവിച്ചത് ഞെട്ടിക്കുന്ന ചില വിവരങ്ങളായിരുന്നു. ഒടുവില്‍ വിളിച്ചയാള്‍ സ്വന്തം പേര് പറഞ്ഞു - "ആതിരാ മോഹന്‍..."

(തുടരും...)
അടുത്ത അദ്ധ്യായം : ആതിര പറഞ്ഞ കഥ
--------------------------------------------------------------------------------------------------------------------------


കുറിപ്പുകള്‍ 

കവിത - ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ 'മണിനാദം'
കഥ - ധനൂപ് ആര്‍ വാര്യരുടെ 'ഇനി?'

ഈ അദ്ധ്യായം എഴുതിയത് 21 ജനുവരി 2005
(നോവല്‍ രചന ആരംഭിച്ചിട്ട് ഇന്ന് ഒരു വര്ഷം!)